ഒരു പെണ്ണുകെട്ടാനുള്ള പാടെയ്.......
അങ്ങിനെ ഞാന്‍ അഛന്റെയും അമ്മയുടെയും കാതിനു കുളിരു കോരുന്ന ആ വാര്‍ത്ത അറിയിച്ചു...വിവാഹത്തിനു ഞാന്‍ തയ്യാര്‍...!അല്ലേലും വയസ്സു മുപ്പത്തിരണ്ടായി ഇനിയും നീട്ടിവക്കുന്നതു ശരിയല്ലല്ലോ.സത്യത്തില്‍ ഇത്രയും വൈകിയതു തന്നെ മനപ്പൂര്‍വമല്ലായിരുന്നു.."വിധി..., അല്ലാതെന്തു പറയാനാ...!"നമ്മുടെ രാഷ്‌ട്രപിതാവിന്റെ ആദര്‍ശനങ്ങളില്‍ വിശ്വസിച്ചിരുന്ന ഞാന്‍ അദ്ധേഹം പതിനാറില്‍ വേളികഴിച്ചപ്പോള്‍ ഞാന്‍ ഒരു പതിനെട്ടിനെങ്കിലും കെട്ടിയില്ലെങ്കിലെങ്ങിനെയാ.. മോശമല്ലേ,,,,?അതിന്റെ ആദ്യപടിയായി ഒരു ജോലി കണ്ടെത്തണം..!അങ്ങിനെ പരിചയത്തിലുള്ളതും അല്ലാത്തതുമായ ഈ ഭൂമി മലയാളത്തിലെ ഒരുപാട് ഗള്‍ഫുകാരുടെ കൈയും കാലും പിടിച്ച് ഒരു വിസ സംഘടിപ്പിച്ചു ഒരു വിധം കഷ്‌ടപ്പെട്ടു ഗള്‍ഫിലെത്തി. അതിലും കഷ്‌ടപ്പെട്ട് ഇവിടുത്തെ ദിവസങ്ങളെ ഉന്തിത്തള്ളി നീക്കി...അവാര്‍ഡു സിനിമ പോലെ ഇഴഞ്ഞു നീങ്ങിയ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ അവധിക്കു നാട്ടിലെത്തി...വീട്ടുകാര്‍ കല്ല്യാണാലോചനകളുടെ ബഹളവും തുടങ്ങി...ഗാന്ധിയനായതു കൊണ്ടാകും എനിക്ക് ഒരു നിബന്ധനയുണ്ടായിരുന്നു, "സ്‌ത്രീധനം വേണ്ടേ വേണ്ട...!"ഒരു പാവപ്പെട്ട കുടുമ്പത്തിലായിരുന്നു ആദ്യ പേണ്ണുകാണല്‍...!സുഭാഷിണി....സുന്ദരി..! കൂടുതലൊന്നും വിവരിക്കന്‍ അറിഞ്ഞു കൂടാത്തതു് കൊണ്ടു പറയട്ടെ..ആകെക്കൂടി ഒരു കൊക്കോകൊള ബോട്ടില്‍ മാതിരിയുള്ള ശരീരഘടന..!!അങ്ങിനെ പെണ്ണു കാണല്‍ ചടങ്ങിനിടയില്‍ ഞങ്ങള്‍ക്ക് സ്വകാര്യമായി സംസാരിക്കാന്‍ അനുവദിച്ചു കിട്ടിയ രണ്ടുമിനിട്ടിനുള്ളില്‍ അവള്‍ കാലിന്റെ തള്ളവിരല്‍കൊണ്ടു തറയില്‍ ഇന്ത്യയുടെയും പാക്കിസ്ഥന്റെയും ഭൂപടം വരച്ചു തീര്‍ത്തു...!!കാലുകൊണ്ടു ഇത്ര നന്നായി പടം വരക്കുന്ന ഇവള്‍ കൈകൊണ്ടു് എത്ര പടങ്ങള്‍ വരക്കും എന്നോര്‍ത്തു നോക്കിക്കെ...!വീട്ടില്‍ ചെന്ന് അമ്മയോട് എന്റെ സ്റ്റാന്റ് അവതരിപ്പിച്ചു..."ഞാന്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ അതു സുഭാഷിണിയെ മാത്രമായിരിക്കും....പിന്നെ അധികം ലീവില്ലാത്തതു കൊണ്ടു കാര്യങ്ങള്‍ ഒക്കെ വേഗം വേണം..."പിറ്റേന്നു രാവിലെ വീട്ടില്‍ എല്ലവരും കണികണ്ടതു ബ്റോക്കര്‍ പരമുവിനെ ആയിരുന്നു...പരമു് പറഞ്ഞു.."പെണ്ണിനും വീട്ടുകാര്‍ക്കും ചെക്കനെ ഇഷ്‌ടപ്പെട്ടു..പക്ഷേ സ്‌ത്രീധനം ഒന്നും വേണ്ട എന്നു പറഞ്ഞപ്പോള്‍ അവര്‍ക്കൊരു സംശയം, ഇന്നത്തെ കാലത്ത് ആരാ സ്‌ത്രീധനം ഒന്നും വേണ്ടെന്നു പറയുക..? അവരു പറയുന്നതു ചിലപ്പോള്‍ ഗള്‍ഫിലെ ജോലി നഷ്‌ടപ്പെട്ടു വന്നതാവും അതാ ഒന്നും വേണ്ട എന്നു പറയുന്നതെന്നാത്രേ...""ഭ്ഭ്‌ആ..." എന്നാട്ടാന്‍ അമ്മ വയ് തുറന്നപ്പോഴേക്കും നാലുംക്കൂട്ടി മുറുക്കിയതിന്റെ ചുവന്ന അവശിഷ്‌ടങ്ങള്‍ അമ്മയുടെ വായില്‍നിന്നും പരമുവിന്റെ വസ്ത്രത്തിലേക്കു സാമന്യം നന്നായിതന്നെ തെറിച്ചു..അതും തുടച്ചു വേഗം പുറത്തേക്കോടിയതിനാല്‍ അമ്മയുടെ ബാക്കി വായിലിരുപ്പ് കേല്‍ക്കേണ്ടി വന്നില്ല..ഭാഗ്യവാന്‍...!!!പരമു തന്നെ വേറെ ഒന്നു ചാന്‍സും ആയി എത്തി..സുശീല....!ആദ്യ ദര്‍ശനത്തില്‍ തന്നെ എന്റെ മനസു മന്ത്രിച്ചു: "ഇതാണു തന്റെ പെണ്ണു്"ആദ്യത്തേതു മുടങ്ങിയതു ഭാഗ്യം...!!ഇല്ലേല്‍ ഇതേ പൊലൊരു സുന്ദരിയെ കിട്ടുമായിരുന്നൊ....?പിറ്റേന്നു രാവിലെ തന്നെ പരമു പാഞ്ഞെത്തി...പരമു പറഞ്ഞു.."വീട്ടുകാര്‍ക്കൊക്കെ ഇഷ്‌ടപ്പെട്ടു..പക്ഷെ പെണ്ണിനു് ചെറിയ ഒരിഷ്‌ടക്കേട്.."ഞാന്‍ ശരിക്കും തകര്‍ന്നു പോയി....!എല്ല ഗള്‍ഫുകാരേയും പോലെ എനിക്കും കിട്ടിയ രണ്ടു 'ഗള്‍ഫ് അടയാളങ്ങളായിരുന്നു ഇത്തവണത്തെ വില്ലന്‍നെറ്റി മുതല്‍ ഉച്ചി വരെയുള്ള ഭാഗത്തെ മുടി മുക്കാലും കൊഴിഞ്ഞു പോയി.."അതെന്റെ കുറ്റമാണൊ..?ഇവിടുത്തെ വെള്ളത്തിന്റെ കുറ്റമല്ലെ..?പിന്നെ പഴയ KSRTC ബസ്സു് പോലെ അടിവയര്‍ അല്പം മുന്നോട്ട് തള്ളിയാണിരിക്കുന്നത്..അതും എന്റെ കുഴപ്പമല്ലല്ലൊ...ഗള്‍ഫിലെ ഒട്ടകപാലിന്റെ കൊഴുപ്പല്ലെ...?അവസാനം പ്രിയദര്‍ശന്‍ സിനിമകളുടെ ക്ളൈമാക്സ് പോലെ കലങ്ങിയ കണ്ണും മനസുമായി് തിരികെ ഗള്‍ഫിലേക്ക് വിമാനം കയറി.വിവാഹമേ വേണ്ടെന്നും തീരുമാനിച്ചു..ഇപ്പോള്‍ ലീവിനെത്തിയതു മുതല്‍ അഛന്റെയും അമ്മയുടെയും നിര്‍ബന്ധം വീണ്ടും തുടര്‍ന്നു..വയസ്സായില്ലെ ഇനിയെങ്കിലും അവര്‍ക്കു ഒരു കുഞ്ഞിക്കാലു കാണണം പോലും..!അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി പഴയ DCC കാരെ പൊലെ ഞാന്‍ മനസ്സുമാറ്റി...!പിറ്റെന്നു തന്നെ പരമു ലാന്റു ചെയ്തു..!ഞങ്ങള്‍ എല്ലാവരും പരമുവിന്റെ ചുറ്റും കൂടി...അമ്മയുടെ മുറുക്കാന്‍ സ്‌പ്രേ ഏല്‍ക്കാതിരിക്കാന്‍ പരമു ഒരു "സേഫ് ഡിസ്റ്റന്‍സ്" കീപ്പ് ചെയ്താണു് നിന്നത്.കുറെ ലലനാമണികളുടെ ചിത്രങ്ങള്‍ മേശപുറത്തിട്ടിട്ട് പരമു പറഞ്ഞു..:ഇതില്‍ ഇഷ്‌ടപ്പെട്ടത് ഒന്നു സെലക്‌ട് ചെയ്തേ...ചീട്ടെടുക്കാന്‍ വരുന്ന തത്തയെ പോലെ അമ്മയുടെ കൈ ഫോട്ടോയിലേക്ക് നീണ്ടപ്പോള്‍ ഞാന്‍ കണ്ണടച്ചു പ്രാത്ഥിച്ചു..."അമ്മയുടെ സ്‌ഥാനാര്‍ത്ഥി നിര്‍ണയം ഒട്ടും മോശാവല്ലേന്ന്..."തമ്മില്‍ ഭേദപ്പെട്ട ഒരു തൊമ്മിയെ തന്നെ അമ്മ സെലക്‌ട് ചെയ്തു...!അടുത്ത ദിവസം തന്നെ പരമുവിന്റെ ഫോണ്‍ എത്തി..."മോന്‍ നാളെ ഒരു കൂട്ടുകാരനുമായി ആ പെണ്ണിനെ പോയൊന്നു കാണ്`"പിന്നെയും പ്രശ്നങ്ങള്‍...ആരെയാ കൂടെ കൊണ്ടു പോകുക..? ഇനിയും അബദ്ധങ്ങള്‍ ഒന്നും പറ്റരുതല്ലോ...!മനോ ആയാലോ...?വെളുത്തു തുടിച്ചു മുടിഞ്ഞ ഗ്ളാമറല്ലെ അവനു...അതു വേണ്ട...പവിത്രനായാലോ...?അവന്‍ ഗവണ്‍മെന്റ് ജോലിക്കാരനാണ്` പിന്നെ അവിവാഹിതനും, ഇവിടെ ഗവണ്‍മെന്റു ജോലിക്കാരെ ചാക്കിട്ടു പിടിക്കാന്‍ നോക്കിയിരിക്കുകയല്ലെ പെണ്‍കുട്ടികളുടെ ഫാദേഴ്സ്..അതും ശരിയാവില്ല...ആവസാനം നറുക്കു വീണത് ഡേവിഡിനു..!അപ്പോള്‍ തന്നെ അവനെ വിളിച്ചു കാര്യങ്ങള്‍ ഏര്‍പ്പാടാക്കി...പിറ്റേന്നു രാവിലെ ക്രിത്യസമയത്തു തന്നെ ഡേവിഡ് എത്തി രാഹുകാലമൊക്കെ നോക്കി, പരമു കുറിച്ചുതന്ന പെണ്‍വീട്ടിലേക്കുള്ള റോഡ് മാപ്പും പോക്കറ്റില്‍ കരുതി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ചു പ്രാത്ഥിച്ചു കൊണ്ടിറങ്ങി. ഡേവിഡ് ബൈക്ക് ഓടിച്ചു...ഞാന്‍ പുറകില്‍ ഇരുന്നു"മാപ്പ്" നോക്കി വഴിപറഞ്ഞു കൊടുത്തു.സിറ്റിയില്‍ നിന്നും നാലുകിലോമീറ്റര്‍ മാറി പഞ്ചായത്തു കിണര്‍...അവിടുന്നു ഇടത്തോട്ടുള്ള മൂന്നാമത്തെ വഴിയിലൂടെ എഴാമത്തെ വീട്..!മുന്‍വശം വാര്‍ത്ത വീട്..മുറ്റത്തൊരു കിണര്‍..!ഇതുതന്നെ വീട് !.വണ്ടിയിലിരുന്നു തന്നെ ആ വീട്ടിലേക്ക് ഒന്നു നോക്കി..വാതുക്കല്‍ തന്നെ അറുപതിനോടടുത്ത ഒരാള്‍..ഒപ്പം അയാളുടെ ഭാര്യയെ പോലെ തോന്നുന്ന ഒരു സ്‌ത്രീ.. പിന്നെ മറ്റൊരു മുപ്പതുകഴിഞ്ഞ പെണ്ണും!! നിറഞ്ഞ ചിരിയുമായി ഞങ്ങളെ വരവേറ്റു.സ്വീകരിച്ച് അകത്തെകാനയിക്കപ്പെട്ടു.കയറി ഇരുന്ന ഉടനെ കിളവന്റെ കത്തി തുടങ്ങി....യത്ര സുഖായിരുന്നോ...?വീടു കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയോ ...?ഇത്യാതി ഫോര്‍മലിറ്റികള്‍ക്കു ശേഷം പട്ടാളക്കാരനായ അയാള്‍ "കീര്‍ത്തിചക്ര" സിനിമയെ വെല്ലുന്ന പട്ടാള കഥകള്‍ പറയാന്‍ തുടങ്ങി..ചക്യാര്‍കൂത്തുപൊലെയുള്ള അയാളുടെ കഥകള്‍ കേട്ട് സഹനത്തിന്റെ ഉച്ചസ്‌ഥായില്‍ ഇരിക്കുമ്പോള്‍ ആശ്വാസത്തിന്റെ ഒരു പദചലനം ആദ്യം കണ്ട മുപ്പതുകാരിയാണ്` ഞങ്ങള്‍ക്കും പിന്നെ പട്ടാളക്കാരനും ഓരോ ജ്യൂസുമായാണു് വരവ്..!"ഇതാവുമോ ഇനി പെണ്ണ്`...?"അമ്പരന്നിരിക്കുമ്പോള്‍ കിളവന്‍ പറഞ്ഞു..."ഇതാണു എന്റെ മരുമകള്‍...നമ്മുടെ രവിയുടെ ഭാര്യയേ..."ആശ്വാസത്തൊടെ ജ്യൂസു വങ്ങി കുടിക്കുന്നതിനിടയില്‍ ഞാനോര്‍ത്തു.."അല്ല.., നമ്മുടെ രവിയോ..? ഏതാ ഈ രവി...?ഇടവേള കഴിഞ്ഞു സിനിമ തുടരും പോലെ ജ്യൂസു കുടിച്ചു കഴിഞ്ഞു പൂര്‍വാധികം ശക്തിയോടെ അയാള്‍ പട്ടാള കഥകള്‍ തുടര്‍ന്നു..ക്ഷമ നശിച്ച് ഡെവിഡിന്റെ ചുമലില്‍ മെല്ലെ തട്ടി പതുക്കെ ചെവിയില്‍ ഞാന്‍ പറഞ്ഞു.."മിഴിച്ചിരിക്കതെ കാര്യം പറയെടാ....!"ഒന്നു ചെരിഞ്ഞിരുന്നു ഡേവിഡ് അയാളോട് പറഞ്ഞു.."ഞങ്ങള്‍ക്ക് പോയിട്ടൊരല്‍പ്പം ധ്യതിയുണ്ടായിരുന്നു...""എന്നാ അങ്ങിനെയാവട്ടെ..."മുഖത്ത് ഒരു നല്ല ചിരിയും ഫിറ്റ് ചെയ്തു കാത്തിരുന്നു...ദാ..ആ മുഹൂര്‍ത്തം...എന്റെ ഭാവി വധു...!പക്ഷെ കുറച്ചു നേരമായിട്ടും ആരേയും ആ ഏരിയായിലേക്കേ കണ്ടില്ല...സഹികെട്ട് മടിച്ചാണെങ്കിലും ഡേവിഡ് പറഞ്ഞു..."എന്നാ പിന്നെ പെണ്ണിനെ ഒന്നു വിളിച്ചാല്‍ കണ്ടിട്ടു പോകാമായിരുന്നു...!ഏതു പെണ്ണ്...?അതു..ആ മരെജ് ബ്രോക്കര്‍ പരമു പറഞ്ഞ....."മക്കളെ ഇവിടെ കെട്ടിക്കാന്‍ പെണ്ണും പെടക്കോഴിയും ഒന്നുമില്ലാ..നിങ്ങള്‍ക്കു വീടു തെറ്റിയതാണൊ...?രണ്ടു ജ്യൂസു നഷ്‌ടപ്പെട്ടതിന്റെ നീരസം കിളവന്റെ മുഖത്തു വ്യക്തമായിരുന്നു..."ദുബായിലുള്ള രവിമോന്‍ ഒരു കൂട്ടുകാരന്റെ കൈയ്യില്‍ കുറച്ചു സാധനങ്ങളും കത്തും കൊടുത്തയച്ചിരുന്നു അവര്‍ ഇന്നു വരും എന്നു വിളിച്ചറിയിച്ചിരുന്നു.....അവരെ കാത്തിരിക്കുമ്പോഴാ...നിങ്ങള്‍...!!!പതിയെ ഇറങ്ങി തിരിഞ്ഞു നോക്കാതെ ബൈക്കിനടുത്തെക്ക് നടക്കുമ്പോള്‍ ശബ്‌ദം തഴ്ത്തി കാര്‍ന്നോരു പറയുന്നതു കേട്ടു..."കള്ളന്‍മ്മാര്‍ ധാരാളം ഇപ്പൊ ഇറങ്ങിയിട്ടുണ്ട്..പകല്‍ ഇതേപോലെ എന്തെങ്കിലും പറഞ്ഞ് വീടു കണ്ടു വച്ചിട്ട് രാത്രി വരും മോഷ്‌ടിക്കാന്‍..."പരമുവിനെ വിളിച്ച്ന്വഷിച്ചപ്പോഴാണ്` അറിയുന്നത് പഞ്ചായത്തു കിണറിനടുത്തു നിന്നും "നാലാമത്തെ " വഴി എന്നതു അയാള്‍ക്കു തെറ്റി "മൂന്നാമത്" എന്നു എഴുതി പോയതാണത്രെ....!!!ഭാഗ്യമോ, നിര്‍ഭാഗ്യമോ...ബാക്കിയുള്ളാടയാളങ്ങള്‍ എല്ലാം ഒത്തു വന്നു്‌തിരിച്ചു വരുമ്പോല്‍ ഞാനാണ്` ബൈക്ക് ഓടിച്ചത്.ആ യാത്രയില്‍ മറ്റൊരു കാര്യം കൂടി എനിക്കു ബോധ്യപ്പെട്ടു...."എന്റെ TVS വിക്‌ടറിനു ഇത്രയും സ്പീഡ് കിട്ടുമെന്ന്....!!!!