കഥ എഴുതണമെന്ന് തോന്നിയപ്പോള്‍, എന്ത് കഥയെഴുതും എന്നൊരു ചിന്ത വന്നു.
എളുപ്പമുള്ളതെഴുതാം.അമ്മയെക്കുറിച്ചായാലോ?സ്നേഹം എന്നെഴുതിത്തുടങ്ങി. അതുമാത്രം മതി കഥയില്‍. ആ വാക്കില്‍ ഇല്ലാത്തത് ഒന്നുമില്ലല്ലോ.
അച്ഛനെക്കുറിച്ചായാലോ?രണ്ട് വാക്ക് കിട്ടി. സ്നേഹം, സംരക്ഷണം. ഇനിയൊന്നും വേണ്ടല്ലോ.
കൂടപ്പിറപ്പുകളെക്കുറിച്ചായാലോ?സ്നേഹം, സംരക്ഷണം, ഇണക്കം, പിണക്കം, തമാശ, കാര്യം. ഇത്രേം മതി. സുഹൃത്തുക്കളെക്കുറിച്ചായാലോ?സ്നേഹം, ഇണക്കം, പിണക്കം, ചിരി, കരച്ചില്‍, തമാശ, കാര്യം. അവരെക്കുറിച്ചൊക്കെ എഴുതാന്‍ തുടങ്ങിയാലും വളരെക്കുറച്ച് വാക്കില്‍, വലിയൊരു കഥയായി തീരുന്നത്. അതുകൊണ്ട് കഥയെക്കുറിച്ച് വീണ്ടും ആലോചിച്ചു.
കുറേ വാക്കുകളില്‍, നീണ്ട ഒരു കഥ വേണം. സ്വന്തം കഥ ആയാലോ?തുടങ്ങി. ആദ്യവാക്ക്, ഞാന്‍ എന്നെഴുതിയിട്ട്, വിരാമചിഹ്നം വേണമോ, ആശ്ചര്യചിഹ്നം വേണമോ എന്നാലോചിച്ചിട്ട്, ഒരെത്തും പിടിയും കിട്ടുന്നില്ല.
അതു കഴിഞ്ഞാലല്ലേ അടുത്ത വാക്കിലേക്കോ, വാചകത്തിലേക്കോ കടക്കാന്‍ പറ്റൂ.