ഷമീര്‍..ആരുടെ ഇര...?

രണ്ട് MA ഡിഗ്രികള്‍ കൈവശം ഉണ്ടെന്ന ഒരാത്മവിശ്വാസമായിരുന്നു ഷമീറിനു ഗള്‍ഫിലേക്കു വിമാനം കയറുമ്പോള്‍ കൂടെയുണ്ടായിരുന്നത്. നാട്ടില്‍ പച്ചപിടിക്കാതിരുന്ന ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ഒരുപാടു പ്രതീക്ഷകളായിരൂന്നു അവന്‍ കൂടെ കൊണ്ടുവന്നതും..സുമുഖനായ ചെറുപ്പക്കാരന്‍...!വിസിറ്റിംഗ് വിസയിലെത്തിയ പിറ്റേന്നു മുതല്‍ രാവിലെ സര്‍ട്ടിഫിക്കേറ്റും തൂക്കി അവന്‍ ഇറങ്ങും ജോലി തിരക്കി.."പഠിത്തം അവിടിരിക്കട്ടെ, തൊഴില്‍ പരിചയം വല്ലതും ഉണ്ടോ" എന്ന ഓരോ കമ്പനി അധികാരികളുടേയും ചോദ്യത്തിനു മുന്നില്‍ നിസ്സഹയനായി അവന്‍ പടിയിറങ്ങും. മുന്‍പരിചയം ഇല്ലെന്ന ഒറ്റ കാരണത്താല്‍ അവനു മുന്നില്‍ എല്ലാകമ്പനികളുടെയും വാതിലുകള്‍ഒരിക്കലും തുറക്കാനാവാത്ത വിധം അടയുകയായിരുന്നു...വരുമാനമില്ലാത്തതിനാല്‍ അവന്റെ നാട്ടുകാര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ കൂട്ടുകാര്‍ വെറുതെ അല്പം ഇടം കൊടുക്കുകയായിരുന്നു.സാധാരണക്കാരനായ കച്ചവടകാരനായിരുന്നു ഷമീറിന്റെ ബാപ്പ. കഷ്ടപ്പെട്ടാണെങ്കിലും മോനെ പഠിപ്പിക്കാനായതിന്റെ ചാരിതാത്ഥ്യമായിരുന്നു അവന്റെ ബാപ്പക്കും, ആ കുടുമ്പത്തിനു മുന്നില്‍ പ്രതീക്ഷയുടെ ചെറുതിരിനാളമായിരുന്നു അവന്റെ ഗള്‍ഫ് യാത്ര. സഹോദരിമാരുടെ സ്വറ്ണ്ണം പണയം വച്ചും ബാക്കി പലിശക്കെടുത്തുമാണ് യാത്ര ചിലവിനുള്ള പണം കണ്ടെത്തിയത്. അവന്റെ കൂടെയുള്ള ആരെങ്കിലും നാട്ടിലെത്തിയാല്‍ ബാപ്പയും ഉമ്മയും എത്തി അവന്റെ വിവരങ്ങള്‍ തിരക്കും "ഷമീറിനു ജോലിയൊക്കെ ശരിയായിട്ടുണ്ടെന്നും ഇപ്പോള്‍ ട്രെയിനിംഗ് സമയമാണെന്നും അതു കഴിഞ്ഞാല്‍ നല്ല ശമ്പളം കിട്ടിതുടങ്ങും" എന്നുമുള്ള കൂട്ടുകാരുടെ കളവുകളില്‍ വിശ്വസിച്ച് വീട്ടിലെ കടബാധ്യതകളുടെ കണക്കും പറഞ്ഞ് ആശ്വാസത്തോടെ അവര്‍ തിരികെ പോകും.ഇതിനകം സ്വറ്ണ്ണാഭരണങ്ങള്‍ പലിശ കയറി നഷ്ടപ്പെടുമെന്ന അവസ്ഥയിലായപ്പോള്‍ അളിയന്മാരും മുറുമുറുപ്പ് തുടങ്ങി. തണലാവേണ്ടവരുടെ തളര്‍ത്തുന്ന സംസാരം ഷമീറിന്റേയും മാതാപിതാക്കളുടേയും ജീവിതം നരകസമാനമാക്കി.അവന്റെ കാത്തിരിപ്പുകള്‍ക്കു അവസാനമെന്നോണം ഒരു ചെറിയ കമ്പനിയില്‍ തുഛമായ ശമ്പളമാണെങ്കിലും ഒരു ജോലി ലഭിച്ചു.ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.നാട്ടിലെ കടബാധ്യതകള്‍ ഇതിനകം പെരുകിക്കഴിഞ്ഞിരുന്നു. അതിനിടെ സ്‌ത്രീധനം നല്‍കാനാവാത്തതിനാല്‍ ഇളയ സഹോദരിയുടെ വിവാഹാലോചന മുടങ്ങി എന്ന പുതിയ വാര്‍ത്ത അവനെ കൂടുതല്‍ സങ്കടത്തിലെത്തിച്ചു. പ്രയാസത്തിന്റെയും പ്രശ്നങ്ങളുടേയും കുരുക്കുകള്‍ ഷമീറിനെ അനുദിനം ചുറ്റി വരിയാന്‍ തുടങ്ങി.ഇതിനിടെ ചെറിയ പണസമ്പാദ്യത്തിനായി അവന്‍ പുതിയ ഒരു വഴി കണ്ടെത്തിയ വിവരം അവന്റെ കൂട്ടുകാര്‍ അറിഞ്ഞു. പ്രശസ്തമായ ഒരു ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ മാസം ഓരോ കുപ്പി രക്തം നല്‍കുക. അതിനു ചെറിയ പാരിതോഷികം ലഭിക്കുമത്രേ..അതേ കുറിച്ചു ചോദിച്ചപ്പോള്‍ തമാശ രൂപേണ അവന്‍ പറഞ്ഞത്."അവിടുന്നു കിട്ടുന്ന പണം കൊണ്ട് എനിക്കു അരമാസം സുഖമായി കഴിയാം.ഓരോ മാസവും നല്ല ഫ്രൂട്ട്സും വിറ്റാമിന്‍ ഗുളികകള്‍ വേറേയും..അതുമല്ല എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ അറിയുകയുമാവാല്ലോ...പിന്നെ രക്തം ശരീരത്തില്‍ നിന്നും പോയാലും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തിരിച്ചു വരികയും ചെയ്യും..അതുകൊണ്ട് ഈ ശരീരത്തില്‍ എപ്പോഴും ഫ്രഷ് രക്തമാണ് ഓടുന്നത്..!!!"അവനുമായി തര്‍ക്കിച്ചു ജയിക്കാന്‍ ആരും ശ്രമിക്കാറില്ല..സന്തോഷം അലതല്ലുന്ന മനസുമായാണ് ഒരു അവധി ദിവസം അവന്‍ പഴയ കൂട്ടുകാരുടെ മുറിയില്‍ എത്തിയത്..അവന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചു..! അതിനു അവന്റെ വകയായി പാര്‍ട്ടിയും നടത്തി.അടുത്ത അവധി ദിവസം വന്ന അവന്‍ പതിവില്ലാത്തവണ്ണം ക്ഷീണിതനായി കാണപ്പെട്ടു.മുഖം കറുത്തിരിക്കുന്നു..രക്തപ്രസാദം തീരെ ഇല്ലാത്തതു പോലെ...എന്താ ഷമീര്‍..? എന്തു പറ്റി..?കൂട്ടുകാരുടെ ചോദ്യങ്ങളില്‍ നിന്നും "ഹേയ് ഒന്നുമില്ല" എന്ന മറുപടിയില്‍ ഒഴിഞ്ഞുമാറുന്നെങ്കിലും എന്തോ അവന്‍ മറയ്ക്കുന്നുണ്ടെന്ന് അവര്‍ക്ക് മനസിലായി...അടുതത അവധിദിവസം കുളികഴിഞ്ഞു പുറത്തു വന്നപ്പോള്‍ അവന്റെ വയറിന്റെ ഇടതു ഭാഗത്ത് രണ്ട് ഇഞ്ച് നീളത്തില്‍ പ്ലാസ്റ്റര്‍ കൊണ്ടു ഡ്രസ്സ് ചെയ്തിരിക്കുന്നതു കൂട്ടുകാര്‍ കണ്ടു..അവര്‍ കാര്യം തിരക്കി.."ഹേയ് ..ഓഫീസില്‍ വച്ച് മേശയുടെ മൂലകൊണ്ടു ഒന്നു മുറിഞ്ഞതാ...നിസാരമായി അവന്‍ പറഞ്ഞു..വിദദ്ധമായി ഒരു കളവുപയാന്‍ പോലും കഴിവില്ലാത്ത അവന്റെ വാക്കുകളില്‍ വിശ്വസിക്കാതെ കൂട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ദുരൂഹതകള്‍ അവസാനിപ്പിച്ച് അവന്‍ സത്യം പറഞ്ഞു.."കഴിഞ്ഞ മാസം രക്തം കൊടുക്കാന്‍ പോയപ്പോള്‍ ആശുപത്രിപരിസരത്ത് ഒരു നോട്ടീസ് കണ്ടു A+ ഗ്രൂപ്പില്‍ പെട്ട ഏതോ ഒരു അറബിക്കു "കിഡ്‌നി" ആവശ്യം ഉണ്ടെന്ന്..മാന്യമായ ഒരു പാരിതോഷികം പറഞ്ഞിരിക്കുന്നു. A+ രക്ത ഗ്രൂപ്പുകാരനായ ഷമീര്‍ അതിലെ നമ്പരില്‍ വെറുതെ വിളിച്ചു നോക്കിയെങ്കിലും അവന്റെ എല്ലാ പ്രശനങ്ങള്‍ക്കും പരിഹാരം അതിലൂടെ ലഭിക്കുമെന്നറിഞ്ഞു സമ്മതിക്കുകയായിരുന്നു..."അല്ല നമ്മുക്കു സത്യത്തില്‍ ഒരു കിഡ്‌നിയുടെ ആവശ്യമേയുള്ളു ദൈവം ഒന്ന് എക്സ്‌ട്രാ തന്നെതല്ലെ...അതു കൊണ്ട് ഒരാളുടെ ജീവന്‍ രക്ഷിക്കാനായാല്‍ നല്ലതല്ലെ..പിന്നെ അടുത്തതു കേടുവന്നാല്‍...ഹ.ഹാ രണ്ടു കിഡ്‌നി ഉള്ളവര്‍ തന്നെ പിടഞ്ഞു വീണു മരിക്കുന്നില്ലെ..." അതൊക്കെ ദൈവത്തിന്റെ കയ്യിലാണ്...ഇപ്പോള്‍ ഇതിലൂടെ എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായില്ലെ...സഹോദരിമാരുടെ സ്വര്‍ണ്ണം ഒക്കെ തിരികെ എടുത്തു കൊടുത്ത്. കടങ്ങള്‍ ഒക്കെ വീട്ടി. ഇളയ സഹോദരിയുടെ വിവാഹം നടത്തി....ചിരിക്കാന്‍ ശ്രമിക്കുമ്പോഴും അവന്റെ മനസിലെ കരച്ചില്‍ കണ്‍കോണുകളിലൂടെ ആ കൂട്ടുകാര്‍ക്കെല്ലാം വ്യക്തമായി കാണാമെങ്കിലും..ഒന്നും പറയാനാവാത്ത അവസ്ഥയിലായിരുന്നു അവര്‍...ആവന്റെ തീരുമാനം തെറ്റോ ശരിയോ..?തെറ്റെങ്കില്‍ ആരാ ഉത്തരവാദി...?അളിയന്മാരോ... അതൊ സഹോദരിയൊ..അല്ലെങ്കില്‍ സമൂഹമോ...അതുമല്ലെങ്കില്‍ സാക്ഷാല്‍ ദൈവമോ...ഷമീര്‍..ഇന്നും ഇവിടെ ജീവിക്കുന്നു ഒരുപാട് പുതിയ ഷമീര്‍ മാര്‍ക്കു ഒരു പാഠമായി.....