മണലാരണ്യത്തിലെ തണുപ്പ്..(ചെറുകഥ)

ഞാന്‍ മുറിയിലെത്തുമ്പോള്‍ സ്റ്റാന്‍ലിയുടെ കൈയില്‍ അവന്റെ മകളുടെ ഫോട്ടോ ഉണ്ടായിരുന്നു. മേശമുകളിലെ ആഷ്‌ട്രേയില്‍ അവന്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് കുറ്റികള്‍ ശ്വാസം നിലക്കുന്നതിന്റെ അവസാന പിടച്ചിലുകളില്‍. ഒന്നും അവനോടു ചോദിക്കാന്‍ നിന്നില്ല. അവന്‍ അവന്റേതായ ലോകത്താണ്. അവന്റെ ഭാര്യയും മകളും മാത്രമായ ലോകത്ത്. അവിടേക്കു നുഴഞ്ഞു കയറി വെറുതെ.....റോഡിനെതിര്‍‌വശത്തെ പള്ളിയില്‍ നിന്നും ക്രിസ്‌മസ് അഘോഷങ്ങളുടെ ശബ്ദം അലയൊലിയായി ഞങ്ങളുടെ കാതുകളിലും എത്തുന്നുണ്ടായിരുന്നു. എല്ലാ പ്രവാസി സംഘടനകളും പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് നല്ല രീതിയില്‍ ക്രിസ്തുമസ് അഘോഷങ്ങള്‍ നടത്തുന്നുണ്ട്.പ്രവാസ നൊമ്പരങ്ങളുടെ മറ്റൊരു ക്രിസ്തുമസ്..!!ഞാന്‍ വസ്ത്രം മാറി അടുകളയില്‍ ചെന്നു രണ്ടു ചായയുണ്ടാക്കി, അവനുള്ളതു മേശപുറത്തു വച്ചു എന്റെ ചായ ചുണ്ടോടു ചേര്‍ത്തു."പുറത്തു വലിയ ആഘോഷങ്ങളാണല്ലെ..?" സ്റ്റാന്‍ലി ചോദിച്ചു."ങും" ഞാന്‍ ഒന്നു മൂളി..'നമ്മുക്കു ഒന്നു പുറത്തു പോയി വന്നാലോ..?' എന്റെ ചോദ്യത്തിനു നിര്‍‌വികാരതയോടുള്ള ഒരു മൂളലായിരുന്നു അവന്റെ മറുപടി.' എന്തായി സ്‌റ്റാന്‍ലി മകളുടെ പിണക്കമൊക്കെ..?' മൗനങ്ങളുടെ ഏതു ഉള്ളറയില്‍ ഏകനായിരിക്കുമ്പോഴും മകളുടെ കാര്യം ചോദിച്ചാല്‍ അവനു നൂറു നാവുകള്‍ ജനിക്കുമെന്നറിയാം. എന്റെ ഊഹം തെറ്റിയില്ല.ഇല്ല ശ്രീജിത്, മകള്‍ ഇന്നും എന്നോടു ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല.അവളുടെ പിണക്കം എനെ ശരിക്കും തളര്‍ത്തുകയാണ്. ഈ മണലാരണ്യത്തിലെ എന്റെ കഷ്‌ടപാടുകളെല്ലാം അവള്‍ക്കു വേണ്ടീയല്ലേ..എന്നിട്ടും...അവന്റെ കണ്ണുകളില്‍ നിരാശയുടെ പാടുകള്‍ പടര്‍ന്നു കിടന്നിരുന്നു..ആ കണ്ണുകള്‍ ത്വരഗതിയില്‍ പിടയുന്നതും ഞാനറിഞ്ഞു.'അവളുമായി സംസാരിച്ചില്ലെങ്കില്‍ എനിക്കു ഭ്രാന്തു പിടിക്കും ശ്രീജിത്...ആറ്റുനോറ്റു പ്രാത്ഥിച്ചു കിട്ടിയ ഏക മകള്‍ ...' അവന്റെ ശബ്ഗം വിറയാര്‍ന്നു. വാക്കുകള്‍ തൊണ്ടയിലുടക്കി. ഞങ്ങള്‍ക്കിടയിലെ ചെറിയ മൗനത്തെ ഞാന്‍ ഭഞ്ജിച്ചു."മകളെ പറഞ്ഞിട്ടു കാര്യമില്ല സ്‌റ്റാന്‍ലി.., അവള്‍ കൊച്ചു കുട്ടിയല്ലെ; ആറു വയസ്സുകാരി, ജനിച്ച ശേഷം ഒന്നൊ രണ്ടോ തവണമാത്രം കണ്ടിട്ടുള്ള അവളോട് ഈ ക്രിസ്തുമസിന്നു ചെല്ലാമെന്നു നീ കൊടുത്ത വാക്കല്ലെ നിന്റെ ബോസിന്റെ തീരുമാനം മൂലം തട്ടിതകര്‍ത്തത്..?"എന്റെ മറുപടിയുടെ ആഴങ്ങളില്‍ അവന്‍ ലയിച്ചിരിക്കുകയായിരുന്നു. വികാരങ്ങളും വിചാരങ്ങളും ആര്‍ക്കോക്കേയോ പണയം വച്ച് യാന്ത്രികമായി ചലിക്കുന്ന കുറേ മനുഷ്യക്കൊലങ്ങളെ സ്‌റ്റാന്‍ലിയുടെ കണ്ണുകളിലൂടെ ഞാന്‍ കണ്ടു. സ്‌റ്റാന്‍ലിയും മകള്‍ അലീനയും അതിലെ ഒരു കണ്ണി മാത്രം. കാതങ്ങള്‍ക്കപ്പുറത്തേക്കു നീണ്ടു കിടക്കുന്ന ചങ്ങല കണ്ണികള്‍..!!ഈ ക്രിസ്തുമസ് അവധിക്കു നാട്ടിലെത്തുമെന്ന് സ്‌റ്റാന്‍ലി ഭാര്യക്കും മകള്‍ക്കും ഉറപ്പു കൊടുത്തതായിരുന്നു. നാട്ടില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അലീന സ്റ്റാന്‍ലിക്ക് അയച്ചു കൊടുത്തിരുന്നു. ഒപ്പം കുറെ കളിപാട്ടങ്ങളുടെയും കൗതുക വസ്തുക്കളുടെയും പേരും തരങ്ങളും. പക്ഷേ ബോസ് സ്‌റ്റാന്‍ലിക്ക് ലീവ് അനുവദിക്കാതിരുന്നതോടെ എല്ലാം തകരുകയായിരുന്നു. മകള്‍ക്കായി സ്റ്റാന്‍ലി വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ അവന്റെ കാട്ടിലിനടിയില്‍ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു.ഹാവൂ..ഇന്നു ഭയങ്കര തണുപ്പല്ലേ...സഹിക്കാന്‍ പറ്റുന്നില്ല..സ്റ്റാന്‍ലി അക്ഷമയോടെ പറഞ്ഞു."ഇതൊരു തണുപ്പാണൊ തണുപ്പു വരാനിരിക്കുന്നതല്ലേയുള്ളൂ.." ഞാന്‍ മറുപടി പറഞ്ഞു.ഒരു നിമിഷം ഞങ്ങള്‍ പുറത്തേക്കു നോക്കിയിരുന്നു. അങ്ങിങ്ങ് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങള്‍..! "തണുത്ത കാറ്റ്...!" തണുപ്പിന്റെ ശല്യം സ്റ്റാന്‍ലിയുടെ വാക്കുകളില്‍ വീണ്ടും നിറഞ്ഞു. ജനുവരി തുടങ്ങിയതല്ലേയുള്ളു... തണുപ്പു ശക്താമാകാന്‍ ഇനിയും ദിവസങ്ങളുണ്ട്..ഇപ്പോഴേ ഇങ്ങനെ അസഹ്യത കാണിച്ചാലോ..? വെന്തുരുകുന്ന നിന്റെ മനസിനു ഈ തണുപ്പു നല്ലതാടാ. അല്പം തമാശപോലെ ഞാന്‍ പറഞ്ഞു.ക്രിസ്‌മസ് നാള്‍....!രാവിലെ ഉറക്കമുണര്‍ന്നതു സ്റ്റാന്‍ലിയുടെ ശബ്ദം കേട്ടാണ്. കൂളിച്ചു വസ്ത്രം മാറി ഡ്യൂട്ടിക്കു പോകാന്‍ അവന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.."മേരി ക്രിസ്തുമസ്..ഹാവ് എ നൈസ് ഡേ.." പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേക്കിട്ട് ഉറക്കച്ചടവോടെ ഞാന്‍ പറഞ്ഞു.ക്ലോക്കിലെ കിളി വീണ്ടും കരഞ്ഞപ്പോഴാണ് ഉണര്‍ന്നത്. ഓഫീസ് വണ്ടിയെത്താന്‍ മിനിറ്റുകള്‍ മാത്രം. വേഗം കുളിച്ചു വസ്ത്രം മാറി വന്നപ്പോഴേക്കും വണ്ടി തയാറായിരുന്നു..കമ്പനി കണക്കുകളുടെ ക്രയവിക്രയങ്ങളിലൂടെ ഒരു അക്കൗഡന്റിന്റെ തന്ത്രങ്ങളുമായി കമ്പ്യൂട്ടറിന്റെ മുന്നില്‍ പതിവു ജോലി തുടങ്ങുമ്പോഴേക്കും ഒരു കുഞ്ഞു കുരുവിയെ പോലെ എന്റെ മൊബൈല്‍ ചിലച്ചത്. സ്ക്രീനില്‍ സ്റ്റാന്‍ലിയുടെ പേര്‍ തെളിഞ്ഞു ഡെബിറ്റിന്റേയും ക്രെഡിറ്റിന്റേയും ലോകത്തു നിന്നും പെട്ടെന്നൊരു മടങ്ങി വരവ് ബുദ്ധിമുട്ടായിരുന്നതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. കുറേ നേരം മൊണിട്ടറില്‍ നോക്കി കണ്ണുകള്‍ മൂടപ്പെടുന്നത് പോലെ തോന്നിയപ്പോള്‍ വെറുതെ സീറ്റില്‍ നിന്നും എഴുന്നേറ്റു. അപ്പോഴാണ് സ്റ്റാന്‍ലി വിളിച്ച കാര്യം ഓര്‍ത്തത്. തിരികെ വിളിച്ചപ്പോഴേക്കും മൊബൈല്‍ സ്വിച്ച് ഓഫാണെന്നു ഒരു സുന്ദരി ഇംഗ്ലീഷിലും അറബിയിലും മൊഴിയുന്നു. വീണ്ടും ജോലിയിലേക്കു തിരിയുന്നതിനിടെ ആയിരുന്നു സുഹൃത്തായ പപ്പന്റെ ഫോണ്‍.എടാ..നമ്മുടെ സ്റ്റാന്‍ലി...!!പപ്പന്റെ വാക്കുകള്‍ ഞെട്ടിക്കുന്നവയായിരുന്നു."സ്റ്റാന്‍ലി ഓടിച്ചു കോണ്ടിരുന്ന വണ്ടി ഒരു ഡിവൈഡറിലിടിച്ചു അവന്‍ ആശുപത്രിയിലാണ്.. വേഗം എത്തണം.."ഓഫീസില്‍ നിന്നും വേഗം ഇറങ്ങി. നിമിഷങ്ങള്‍ക്കു യുഗങ്ങളുടെ ദൈര്‍ഘ്യം..കാലുകള്‍ തളരുന്നു..ആസുപത്രിയില്‍ എത്തും വരെ പപ്പന്‍ പൂരിപ്പിക്കാന്‍ വിട്ടുപോയ വാക്കുകള്‍ക്ക് മരണത്തോളം വിലയുണ്ടെന്നു ഞാനറിഞ്ഞില്ല.ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ തണുത്തു വിറച്ച സ്റ്റാന്‍ലി..!!മനസിലൊരു വിങ്ങല്‍..'തണുപ്പു വരുന്നതേയുള്ളു അതു നീ എങ്ങിനെ സഹിക്കും എന്നു ഞാന്‍ പറഞ്ഞ വാക്കുകള്‍ അറം പറ്റിയോ..? ജനുവരിയുടെ കുളിരാണ് ഞാന്‍ ഉദ്ധേശിച്ചതെങ്കിലും... ഈ ഫ്രീസിങ്ങ് പോയിന്റില്‍...!!തോളില്‍ ഒരു കൈ പതിഞ്ഞപ്പോഴാണ് തിരിഞ്ഞു നോക്കിയത്..പപ്പനും മറ്റൊരു മദ്ധ്യസയസ്കനും.പപ്പന്‍ പറഞ്ഞു..'ശ്രീജിത്. ഇതു സ്റ്റാന്‍ലിയുടെ കമ്പനിയുടെ മനേജരാണ്. കഷണ്ടി കയറി തുടങ്ങിയ ആ മദ്ധ്യവയസ്കന്‍ സ്റ്റാന്‍ലിയുടെ കുടുമ്പത്തെ കുറിച്ചു ചോദിച്ചറിഞ്ഞു..'എനിക്കു സ്റ്റാന്‍ലിയെ ഒരിക്കലും മറക്കാനാവില്ല ശ്രീജിത്..കഠിനാദ്ധ്വാനിയും വിശ്വസ്തനുമായിരുന്നു അയാള്‍...എന്തോ ഒരുതരം കുറ്റബോധം എന്നെ അലട്ടും പോലേ..." അയാള്‍ വേഗം നടന്നകന്നു..അല്ല..അല്ലെങ്കില്‍ തന്നെ...യഥാര്‍തത്തില്‍ ആരാണുത്തരവാദി....സ്റ്റാന്‍ലിക്കു അവധി അനുവദിക്കതിരുന്ന മാനേജരൊ.., പിണങ്ങി മിണ്ടാതിരുന്ന അലീനയൊ,അവന്റെ അവസാന യാത്ര പറച്ചിലിനു ‍അവസരം കൊടുക്കാതെ ഫോണ്‍ കട്ട് ചെയ്തു കളഞ്ഞ ഞാന്‍.!! അവനു ഈ സുഹൃത്തിനോട് എന്തെങ്കിലും പറഞ്ഞേള്‍പ്പിക്കനുണ്ടായിരുന്നുവോ...?മാപ്പ് സ്റ്റാന്‍ലീ ..മാപ്പ്..!!ചിന്തകള്‍ക്കു ഭ്രാന്തു പിടിക്കും പോലെ..ലോകം സന്തോഷിക്കുന്ന ഉണ്ണിയേശുവിന്റെ വിശുദ്ധമായ ജനന ദിനത്തില്‍ സ്റ്റാന്‍ലിയുടെ വിശുദ്ധമായ മരണവും ...!സ്റ്റാന്‍ലിയുടെ മൃതശരീരത്തെ സാക്ഷി നിര്‍ത്തി സ്വപ്നങ്ങളില്ലാതെ ഉറങ്ങുന്ന അവന്റെ കഥകള്‍ ഞാന്‍ പപ്പനോടും അവന്റെ മനേജരോടും പറയുമ്പോള്‍ ഫ്രീസറിലെ കൊടുംതണുപ്പില്‍ ഞങ്ങളുടെ സംഭാഷണത്തിനു ഒരു മൂകസാക്ഷിപോലെ തണുത്തു വിറച്ച സ്റ്റാന്‍ലി.. സ്വതസിദ്ധമായ അവന്റെ പുഞ്ചിരി അപ്പോഴും മാഞ്ഞിട്ടില്ലായിരുന്നു..!"അവസാനം എനിക്കു അവധി കിട്ടിയതു കണ്ടോടാ..അണ്‍ലിമിറ്റ് ലീവ്..ഹാ... ഇനിയിപ്പോ ലീവു കഴിയുമ്പോ ചങ്കു പറിച്ചെറിയും പോലെ എന്റെ അലീനമോളെ ഇട്ടിട്ട് എനിക്കു തിരികെ വിമാനം കയറണ്ടല്ലോ.."എന്നു ആ മുഖം വിളിച്ചു പറയുന്നോ...?സ്റ്റാന്‍ലിയുടെ മൃതദേഹത്തോടൊപ്പമയക്കാന്‍ അവന്റെ സാധനങ്ങള്‍ ഭദ്രമായി അടുക്കികെട്ടുന്നതിനിടയില്‍ അവന്റെ കിടക്കയുടെ തലഭാഗത്തെ മേശമേല്‍ ഭംഗിയായി ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന അലീനയുടെ നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന ചിത്രം കൈയിലെടുത്തപ്പോള്‍ ഒരു നിമിഷം മനസ്സു പറഞ്ഞു.."മോളെ..അവസാനം നീ തന്നെ ജയിച്ചു... മോളുടെ ആഗ്രഹം പോലെ കുറെ കളിപ്പാട്ടങ്ങളും ഒക്കെയായി നിന്റെ പപ്പ മോളുടെ അടുത്തേക്കു വരികയാണ്.. ഇനിയും നീ പപ്പയോടു പിണങ്ങല്ലേ... അതാ പപ്പയ്ക്കു സഹിക്കില്ല...എപ്പോഴും ലീവ് കഴിഞ്ഞു തിരികെ യാത്രയാക്കുമ്പോള്‍ കരയാതെ മോളു പപ്പയെ യാത്രയാക്കണം കേട്ടോ...ഫോട്ടോ..പെട്ടിക്കുള്ളിലേക്കു തിരുകുന്നതിനിടയില്‍ ഒരു നിമിഷം ....!ഒരു തേങ്ങല്‍ ആ മുറിക്കുള്ളില്‍ വ്യക്തമായി കേട്ടുവോ....?സ്റ്റാന്‍ലി പറയുന്നു "എന്തു തണുപ്പാടാ...."ഡിസംബറിന്റെ തകനത്ത തണുപ്പിലും ഒരു നിമിഷം ഞാന്‍ വിയര്‍‌ത്തൊലിച്ചു.....!!