പ്രതീക്ഷ....

കാലമെത്താതെ എരിഞ്ഞടങ്ങിയ കുറെ സ്വപ്നങ്ങളെ കുഴിച്ചു മൂടി, മറ്റൊരുപാട് പ്രതീക്ഷകളേയും സ്വപ്നങ്ങളേയും മനസിലേന്തി കാതങ്ങള്‍ക്കകലെയുള്ള അറേബ്യന്‍ മണലാരണ്യത്തില്‍ വന്നിറങ്ങിയ അവന്‍ അറിഞ്ഞിരുന്നില്ല അനുദിനം മറികൊണ്ടിരിക്കുന്ന ഈ സ്വര്‍ഗ പറുദീസയെ പറ്റി. അതോ അറിഞ്ഞിട്ടും അറിവില്ലയ്മ നടിച്ചതോ...?ചക്കില്‍ കെട്ടിയ കാളെയെപോലെ പ്രാരബ്ധങ്ങളുടേയും പ്രശ്‌നങ്ങളുടെയും ഇടയില്‍ നട്ടം തിരിയുമ്പോഴും അവന്റെ മനസ് ഒരശ്വമേധം പോലെ നാട്ടിലേക്ക് കുതിക്കുകയായിരുന്നു. ആധുനികവത്‌ക്കരണം അവന്റെ നാടിനെ നഗരങ്ങളാക്കികൊണ്ടിരിക്കുമ്പോഴും അവന്റെ ചിന്താസരണി കവി പാടിപുകഴ്‌ത്തിയ ഗ്രാമീണസൗഭഗം തുളമ്പുന്ന പശ്ചാത്തലമായിരുന്നു. പീറന്ന നാടും പെറ്റമ്മയും സ്വര്‍‌ഗത്തേക്കാള്‍ മികച്ചതാണെന്നു പാടിയ കവി, ആ നാട് ഇന്നനുഭവിക്കുന്ന ആത്‌മനൊമ്പരങ്ങള്‍ അറിഞ്ഞിരിക്കുമോ.. അമിഞ്ഞപാല്‍ പോലെ വിദ്യയും വിവേകവും ആരോഗ്യവും പകര്‍ന്നു തന്ന ആ നാടിനെ സേവിക്കാന്‍ അവനു കഴിയാഞ്ഞതെന്തേ..?ആര്‍‌ക്കോ വേണ്ടി ആരുടെയോ ചരടുവലിക്കൊപ്പം തുള്ളുന്ന കളിപ്പാവയെപ്പോലെ ഈ നാട്ടില്‍ ജീവിച്ചു തീര്‍‌ക്കുമ്പോഴും സ്വപ്‌നശകലങ്ങള്‍ പീലിവീശിയാടുന്ന ആ മനസിലെന്നും വ്യര്‍‌ത്ഥചിന്തകളായിരുന്നു.മോഹങ്ങള്‍ മോഹഭംഗങ്ങളായി തീര്‍ന്ന അവസരങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ടു പോയതും അവനറിഞ്ഞില്ല. ആര്‍ക്കൊക്കെയോ വെളിച്ചം പകരാന്‍ സ്വയം ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയുടെ എരിഞ്ഞടങ്ങലാണ് അവന്റെയും നിയോഗമെന്ന് ഏറെ വൈകിയെങ്കിലും അവനറിഞ്ഞു. ദുരിതംപേറുന്ന കുടുമ്പപശ്ചാത്തലവും ഇരുളടഞ്ഞ ഭാവിയും അവന്റെ മനോമുകരത്തില്‍ എപ്പോഴും ഒരു ചോദ്യചിഹ്നമായി നിന്നപ്പോള്‍ ഇവിടുത്തെ ആധുനികതയുടെ പ്രൗഡിയോട് വിമുഖതകാട്ടുകയും മുഖം തിരിക്കുകയും ചെയ്തപ്പോള്‍ സഹപ്രവര്‍ത്തകരുടെ പരിഹാസം. പിന്തിരിപ്പന്‍.., പഴഞ്ചന്‍...!നിദ്രാവിഹീനങ്ങളായ നിശീഥിനിയുടെ ഒരോ യാമങ്ങളേയും തള്ളിനീക്കുമ്പോഴും മനസെന്ന യഗാശ്വം നാടിനെ ലക്ഷ്യമാക്കി പ്രയാണം തുടര്‍ന്നു കൊണ്ടേയിരുന്നു..വിശാലമായ നാലുകെട്ടിന്റെ കോണിലെ മരച്ചില്ലയില്‍ നിന്നും രാവിന്റെ അന്ത്യയാമങ്ങളില്‍ ഉതിരുന്ന കിളികളുടെ ആരവം അവന്റെ മനസിനെ നനുത്ത സ്‌പര്‍ശമാക്കി മാറ്റി. നിദ്രാവിഹീനമായ നിമിഷങ്ങളെ നിറങ്ങളാക്കുന്ന വാസരങ്ങളിലും ആ പതംഗങ്ങളുടെ മണിനാദത്തിനായി വീണ്ടും അവന്‍ കാതോര്‍ത്തിരുന്നു...പോറ്റമ്മനാടില്‍ നിന്നും പെറ്റമ്മയുടെ മടിത്തട്ടിലേക്ക്....ഇനി ഒരു തിരിച്ചുപോക്കുണ്ടാകുമോ...കവി പാടിയ പോലെ..വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പൊഴും..വെറുതെ മോഹിക്കുവാന്‍ മോഹം ......!